Thursday, 3 June 2010

കൊച്ചി ബ്ലോഗ് ശില്‍പ്പശാല... ചിത്രങ്ങള്‍

മലയാളം ബ്ലോഗര്‍മാരുടെ വിര്‍ച്വല്‍ സംഘടനയായ കേരള ബ്ലോഗ് അക്കാദമിയും,ബ്ലോഗര്‍മാരുടെ ഒരു റെജിസ്റ്റേഡ് സംഘടനയായ മലയാളം ബ്ലോഗ് കൌണ്‍സിലും ചേര്‍ന്ന് എറണാകുളത്ത് 2010 മെയ് 30 ന് സംഘടിപ്പിച്ച പത്താമത് മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ ഏതാനും ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. ബ്ലോഗര്‍മാരായ സുദേഷ്,പ്രവീണ്‍ വട്ടപ്പറമ്പത്ത്,സിജീഷ്,നന്ദകുമാര്‍(നന്ദപര്‍വ്വം),സജി(നിസ്സഹായന്‍),സുധാകരന്‍(ചാര്‍വ്വാകന്‍),മനോരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സംഘാടനപ്രവര്‍ത്തനത്തിന്റെ ഗുണഫലമാണ് ഈ ശില്‍പ്പശാല. ഈ ശില്‍പ്പശാലയില്‍ ഡി.പ്രദീപ് കുമാര്‍(തൃശൂര്‍ ആകാശവാണി),മഹേഷ് മണിക്കുട്ടി,അഡ്വക്കേറ്റ് സക്കീന,ജോ(നമ്മുടെ ബൂലോകം),വീണ,കെ.വി.വര്‍ക്കി പട്ടിമറ്റം,കൊട്ടോട്ടിക്കാരന്‍,സൂരജ് കേണോത്ത്(സ്വതന്ത്ര സോഫ്റ്റ് വെയര്‍),ചിത്രകാരന്‍ തുടങ്ങിയവരും സഹകരിച്ചു.ബ്ലോഗര്‍ ഷാജി മുള്ളൂക്കാരന്‍ ശില്‍പ്പശാലക്കായി എത്തിച്ചേര്‍ന്നിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കള്‍ കാര്‍ ആക്സിഡന്റില്‍പെട്ട് ആശുപത്രിയിലായതിനാല്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായില്ല. മുള്ളൂക്കാരന്‍ നല്‍കിയ ഈ.വി.ഡി.ഒ. നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണ് മഹേഷും പ്രവീണും തത്സമയ നെറ്റ് സ്ട്രീമിങ്ങ് സാധ്യമാക്കിയത്. ശില്‍പ്പശാലയോട് സഹകരിച്ച എല്ലാ നല്ല മനസ്സുകളോടും വികസിച്ചുകൊണ്ടിരിക്കുന്ന മലയാള ബൂലോഗത്തിനുവേണ്ടി നമുക്ക് നന്ദി പറയാം.
എറണാകുളം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടന പ്രവര്‍ത്തകര്‍.
ബ്ലോഗര്‍ സിജീഷിന്റെ ദാര്‍ശനികമായ മന്ദസ്മിതം.ആളൊരു ആര്‍ട്ടിസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ.
സ്വതന്ത്ര സോഫ്റ്റവെയറില്‍ ആരെങ്കിലും കൈവിഷം തന്നാല്‍ എന്തു ചെയ്യും ? സൂരജ് കേണൊത്തിന്റെ പരിഹാര നിര്‍ദ്ദേശം സശ്രദ്ധം ശ്രവിക്കുന്ന പ്രവീണ്‍ വട്ടപ്പറംബത്ത്
രണ്ട് അവിവാഹിതരായ ബ്ലോഗര്‍മാര്‍ ! ഓണ്‍ ലൈന്‍ സ്ട്രീമിങ്ങിന് ജീവിതത്തിലുള്ള പങ്കിനെക്കുറിച്ച് കൂലംങ്കുഷമായി ചിന്തിച്ച് കംബ്യൂട്ടറിന്റെ തല പുണ്ണാക്കുന്നു.
മഹേഷ് മണിക്കുട്ടിയും, പ്രവീണ്‍ വട്ടപ്പറംബത്തും
ബ്ലോഗര്‍മാരുടേയും പഠിതാക്കളുടേയും വരവ് പ്രതീക്ഷിച്ച് ക്ഷമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കസേരകള്‍
ശില്‍പ്പശാലക്കു മുന്‍പ് ചില ബ്ലോഗ് വിശേഷ അന്വേഷണങ്ങള്‍
കൊട്ടോട്ടിക്കാരന്‍ മലപ്പുറം ശില്‍പ്പശാലക്ക് ലേണിങ്ങ് ലൈസന്‍സ് എടുക്കാനുള്ള ശ്രമത്തില്‍...
ബ്ലോഗര്‍ സുദേഷ്...
പ്രമുഖ ബ്ലോഗര്‍ ഡി. പ്രദീപ് കുമാര്‍ (ആകാശവാണി,തൃശൂര്‍)ശില്‍പ്പശാലയില്‍ മലയാളം ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ച് ക്ലാസ്സെടുക്കുന്നു.
ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന ബ്ലോഗ് കുതുകികള്‍
കസേര ഇനിയും ഒഴിവുണ്ട്...
സുദേഷിന്റെ പ്രസംഗത്തിനിടെ പ്രൊജക്റ്റര്‍ സ്ഥാപിക്കുന്നവരും നിസ്സഹായനും വേദി കയ്യേറുന്നു !
അഡ്വക്കേറ്റ് സക്കീന ഇനിയും ബ്ലോഗെഴുതും... ഏവൂരാനും കൂട്ടരും ബ്ലോഗില്‍ നിന്നും ഇനി പുറത്താക്കിയാല്‍ അക്കളി തീക്കളി നോക്കിക്കോ !!! (ബ്ലോഗ് ഭരണാധികാരികളോക്കെ തീപ്പെട്ടുപോയില്ലേ ????)
പ്രദീപ് കുമാര്‍ പ്രസംഗിക്കുംബോള്‍ ഓണ്‍ലൈന്‍ സ്റ്റ്രീമിങ്ങ് പ്രൊജക്റ്റു ചെയ്തിരിക്കുന്നു.
കൊച്ചി എച്ച്.ഒ.സി. ജനറല്‍ മാനേജര്‍ ശ്രീ. കെ.വി.വര്‍ക്കി പട്ടിമറ്റം . ബ്ലോഗും നെറ്റും പ്രചാരം നേടുന്നതിനു മുന്‍പ് ഈ നവ മാധ്യമത്തിന്റെ സാധ്യതകളെ ലേഖനങ്ങളിലൂടെ മലായാളിക്ക് പരിചയപ്പെടുത്തിയിരുന്ന ഒരു സുമനസ്സ്.

Thursday, 27 May 2010

എറണാകുളം ബ്ലോഗ്ഗ് ശിൽ‌പ്പശാല - ലൈവ് സ്ട്രീമിങ്ങ്


ബ്ലോഗ് ശിൽ‌പ്പശാലയുടെ ലൈവ് സ്ട്രീമിങ്ങ് ഇവിടെ കാണാം.

ദിവസം : 30 -മെയ് ഞായർ
സമയം : 1 PM മുതൽ 5 PM വരെ




Streaming Video by Ustream.TV

Tuesday, 25 May 2010

ബ്ലോഗ് ശില്‍പ്പശാല മെക്ക ഓഡിറ്റോറിയത്തിലെത്താന്‍

മെക്ക ഓഫീസിന്റെ മുന്‍വശത്തു നിന്നുള്ള ദൃശ്യം
മെയിന്‍ റോഡില്‍ നിന്ന് മണപ്പാട്ടിപ്പറമ്പിലേക്ക് തിരിയുമ്പോളുള്ള ദൃശ്യം
നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് ഇറങ്ങി വരുന്ന ആദ്യ ബസ് സ്റ്റോപ്പ്(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറകില്‍ കാണുന്ന കെട്ടിടം)എറണാകുളം ഹൈക്കോര്‍ട്ട്,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ഇവിടങ്ങളില്‍ നിന്നു വരുന്നവര്‍ ഇവിടെ ഇറങ്ങി അല്പം മുന്നോട്ടു നടക്കുമ്പോള്‍ കാണുന്ന ജങ്ഷനില്‍ നിന്ന് ലെഫ്റ്റ് തിരിഞ്ഞു പോകണം)

ആ ബസ് സ്റ്റാന്‍റിന്റെ സമീപ ദൃശ്യം
പിന്നിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടം
എം ഇ എസ് ബസ് സ്റ്റോപ്പ്. എതിര്‍ ദിശയില്‍ നിന്നുള്ള ദൃശ്യം. കലൂര്‍ ,പാലാരിവട്ടം ,ആലുവ,കാക്കനാട് ഇവിടങ്ങളില്‍ നിന്നു് വരുന്നവര്‍ ആ ഈ സ്റ്റോപ്പിലിറങ്ങി ക്രോസ് ചെയ്യണം.(കലൂര്‍ കഴിഞ്ഞാലുള്ള തൊട്ടടുത്ത സ്റ്റോപ്പ്)
പീടിയേക്കല്‍ റോഡ് തുടങ്ങുന്ന ജങ്ഷന്‍
കുറച്ചുകൂടി സമീപ ദൃശ്യം.
പീടിയേക്കല്‍ റോഡ് തുടങ്ങുന്നു
ഇപ്പോള്‍ മെക്ക കെട്ടിടവും കാണാം.
ഹാളിന്നകം

ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

Thursday, 20 May 2010

പത്രക്കുറിപ്പ് : എറണാകുളം ബ്ലോഗ് ശിൽ‌പ്പശാല മെയ് 30 നു (ഞായർ) Eranakulam blog workshop

ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ ആശയസംവാദനത്തിനു പുതിയ മാനം നൽകിയ മാധ്യമമാണു ബ്ലോഗ്. മലയാളം ബ്ലോഗിങ്ങ് അതിന്റെ ശൈശവാവസ്ഥ പിന്നിട്ട് കൌമാരത്തിലേക്ക് കടന്നിരിക്കുന്ന ഈ സമയത്ത് ഇതിന്റെ സാധ്യതകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മലയാളം ബ്ലോഗേഴ്സിന്റെ കൂട്ടായ്മയായ ‘മലയാളം ബ്ലോഗ് കൌൺസിലും” കേരള ബ്ലോഗ് അക്കാദമിയും “ സംയുക്തമായി 30-5-2010 (ഞായർ) നു എറണാകുളത്തു വച്ചു ഒരു “ബ്ലോഗ് ശിൽ‌പ്പശാല “ സംഘടിപ്പിക്കുന്നു. കലൂർ മണപ്പാട്ടിപ്പറമ്പിലുള്ള മെക്ക ഓഡിറ്റോറിയത്തിൽ വച്ച് ഒരുമണി മുതൽ അഞ്ചു മണി വരെയാണു ശിൽ‌പ്പശാല നടക്കുക.

മലയാളിയുടെ ഉറങ്ങിക്കിടന്നിരുന്ന സാമൂഹികബോധത്തിനും സർഗശക്തിക്കും ഒരുണർത്തുപാട്ടായി മാറുവാൻ മലയാളം ബ്ലോഗിങ്ങിനു ഇതിനകം കഴഞ്ഞിട്ടുണ്ട്. കഥകൾ,കവിതകൾ,ചിത്രങ്ങൾ, ലേഖനങ്ങൾ, സിനിമാനിരൂപണങ്ങൾ തുടങ്ങി സമസ്തമേഖലകളിലും ലോകത്തോട് സംവദിക്കാവുന്ന ഒരു മാർഗമാണു ബ്ലോഗ്. പ്രശസ്തരുടെ വരവ് ബ്ലോഗിങ്ങിനെ ജനകീയവൽക്കരിക്കുന്നതിൽ ഒരു നല്ല പങ്കുവഹിച്ചു എങ്കിലും മുതൽമുടക്കില്ലാത്ത, അതിരുകളില്ലാത്ത ഈ പുതിയ ആശയസംവാദനരീതിക്ക് നമ്മുടെ ഇടയിൽ ഇനിയും പ്രചാരം കിട്ടേണ്ടതുണ്ട്.

മലയാളം ബ്ലോഗിങ്ങ് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളം ബ്ലോഗേഴ്സിന്റെ വിർച്വൽ കൂട്ടായ്മയായ കേരള ബ്ലോഗ് അക്കാദമിയുടെ പത്താമത് ശിൽ‌പ്പശാലയാണു ഇതു. കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ ,മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ വിജയകരമായ ശിൽ‌പ്പശാലകൾ മലയാളം ബൂലോകത്തേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കുവാൻ സഹായിച്ചു.

ബ്ലോഗിനെ പരിചയപ്പെടുക, സാങ്കേതികമായ വശങ്ങളെ മനസ്സിലാക്കുക, ലിനക്സ് ബ്ലോഗിങ്ങിന്റെ സാധ്യതകൾ തുറന്നു കാണിക്കുക തുടങ്ങിയവയോടൊപ്പം മലയാളത്തിലെ പ്രശസ്ത ബ്ലോഗേഴ്സിനെ പരിചയപ്പെട്ട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും ശിൽ‌പ്പശാലയിൽ അവസരം ലഭിക്കും. പൊതുജനങ്ങൾ ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.



മലയാളം ബ്ലോഗ് കൌൺസിലിനു വേണ്ടി
പ്രവീണ്‍ വട്ടപ്പറംബത്ത്,സുദീഷ്,സജീഷ്.

Monday, 3 May 2010

കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്

കേരള ബ്ലോഗ് അക്കാദമിയുടേയും,മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തപ്പെടുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് മെയ് 2ന് നടന്ന കൂടിയാലോചന യോഗ തീരുമാനങ്ങള്‍:

കഴിഞ്ഞപോസ്റ്റിൽ നിശ്ചയിച്ചതിൻ പ്രകാരം എറണാകുളം ശിക്ഷക് സദനിൽ വച്ച് ബ്ലോഗർമാരായ സുദേഷ്, സജി (നിസ്സഹായൻ), പ്രവീൺ വട്ടപ്പറമ്പത്ത് , സിജീഷ് എന്നിവർ ഒരുമിച്ചു കൂടുകയും ശിൽ‌പ്പശാലയ്ക്കൊരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അന്നേദിവസം എത്താൻ കഴിഞ്ഞില്ലെങ്കിലും എല്ലാവിധ സഹായസഹകരണങ്ങളൂം വാഗ്ദാനം ചെയ്തു കൊണ്ട് അനേകം ബ്ലോഗർമാർ വിളിക്കുകയുണ്ടായി. കുറച്ചുപേർ മെയിലിലൂടെയും ചിലർ കമന്റിലൂടെയും പിന്തുണ അറിയിച്ചു. ചിത്രകാരനും കടത്തനാടനുമടക്കമുള്ളവർ തങ്ങളുടെ മുൻ ശില്പശാ‍ല അനുഭവങ്ങളുടെ വെളിച്ചത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട്, ഊർജ്ജം പകർന്നുകൊണ്ട് ആരംഭം മുതലേ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ബ്ലോഗ് ശിൽ‌പ്പശാലയുടെ ലക്ഷ്യങ്ങൾ

1.ആശയസംവാദത്തിനുള്ള ഏറ്റവും മികച്ച മാർഗമായി വളർന്നുകൊണ്ടിരിക്കുന്ന ബ്ലോഗ് എന്ന മാധ്യമത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക.

2.ബ്ലോഗിങ്ങിന്റെ സാങ്കേതികവശങ്ങളെ വിശദീകരിക്കുക.

3.പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരം ഒരുക്കുക.

4.ബ്ലോഗർസിനു സാങ്കേതികസഹായം ഏതു സമയത്തും ലഭിക്കുന്നതിനു ഒരു ടെലഫോണിക് ഹെല്പ്ലൈൻ ഉണ്ടാക്കിയെടുക്കുക.

5.എറണാകുളത്തെ തുടർ പ്രവർത്തനങ്ങൾക്ക് ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക.

തീയ്യതി –ദിവസം

ശില്‍പ്പശാല മെയ് 30 ന് ഒരുമണിക്കു നടത്താം എന്നു വിചാരിക്കുന്നു. സ്ഥലം ഉടനെ അറിയിക്കാം. ഒരു മുഴുവൻ ദിവസ പരിപാടിയാണു തുടക്കത്തിൽ ചിന്തിച്ചിരുന്നതെങ്കിലും ദൂരെനിന്നും വന്നെത്താന്‍ സാധ്യതയുള്ള ബ്ലോഗര്‍മാരുടെ സൌകര്യാര്‍ത്ഥം ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചു മണിക്ക് പൂര്‍ത്തിയാക്കാം എന്നാണ് കരുതുന്നത്.

·സാമ്പത്തിക ശേഖരണം : പരിപാടിയുടെ ചിലവിലേക്കായി ഒരു ചെറിയ തുക കണ്ടെത്തേണ്ടി വരും. അതിനായി ഒരു ചെറിയതുക രെജിസ്ട്രേഷൻ ഫീസ് ആയി വക്കാം എന്നാണുദ്ദേശിക്കുന്നതു.

·പബ്ലിസിറ്റി: പത്രങ്ങൾ, ലോക്കൽ ചാനലുകൾ, എഫ്.എം റേഡിയോ തുടങ്ങിയ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക.

·പങ്കെടുക്കാൻ വരുന്നവർക്ക് ഒരു ചെറിയ ഫയൽ, പുസ്തകം, പേന തുടങ്ങിയവ നൽകുക.

ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടങ്ങേണ്ടതുണ്ട്. എറണാകുളത്ത് ഇതിനുവേണ്ട സംഘാടനപ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന, തയ്യാറായ ബ്ലോഗേർസ് അറിയിക്കുമല്ലോ..ഇതിന്റെ വിജയത്തിനായി നമുക്കൊന്നിച്ചു പ്രവർത്തിക്കാം..

സ്നേഹപൂർവ്വം

കേരള ബ്ലോഗ് അക്കാദമി
പ്രവർത്തകർ &
മലയാളം ബ്ലോഗ് കൌണ്‍സില്‍ പ്രവര്‍ത്തകര്‍.
(തയ്യാറാക്കിയത്: പ്രവീൺ വട്ടപ്പറമ്പത്ത്)
..............................
23.05.2010
..............................

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.

Monday, 26 April 2010

എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം

ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുന്ന ബ്ലോഗ് ശില്‍പ്പശാലക്ക് മോചനം നല്‍കിക്കൊണ്ട് കേരള ബ്ലോഗ് അക്കാദമിയുടേയും മലയാളം ബ്ലോഗ് കൌണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ എറണാകുളം ബ്ലോഗ് ശില്‍പ്പശാല
2010മെയ് രണ്ടാം പകുതിയില്‍ നടത്തപ്പെടുകയാണ്.അതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു ആലോചനായോഗം മെയ് ഒന്നിനോ രണ്ടിനോ
എറണാകുളത്ത് സംഘടിപ്പിക്കേണ്ടതുണ്ട്. പ്രസ്തുത യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് വായനക്കാരും ദയവായി അവരുടെ സന്നദ്ധതയും സൌകര്യാസൌകര്യങ്ങളും കമന്റിലൂടെയോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലകളില്‍ ജൂണിയര്‍/സീനിയര്‍/പ്രശസ്ത/അപ്രശസ്ത വ്യത്യാസങ്ങളൊന്നുമില്ലാത്തതിനാല്‍, സമൂഹത്തിന്
ബ്ലോഗെന്ന നവ മാധ്യമത്തെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സന്മനസ്സുള്ള ഏവര്‍ക്കും ഈ ഉദ്ദ്യമത്തില്‍ സന്നദ്ധത അറിയിക്കാം.
ബ്ലോഗ് അക്കാദമിയുമായി ബന്ധപ്പെടേണ്ട വിലാസം: blogacademy@gmail.com വിലാസവും ഫോണ്‍ നംബറും സഹിതം മെയിലയക്കുക.
സസ്നേഹം
ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍

Thursday, 10 April 2008

എറണാകുളം ബ്ലോഗ് ശില്‍പ്പശാല

എറണാകുളം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.